പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും

തിരുവനന്തപുരം:  പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സാങ്കേതിക വിദഗ്ധരുടെ ഉപദേശമനുസരിച്ചായിരിക്കും ഇനി പദ്ധതികള്‍ക്ക് അനുമതി നല്‍കുക. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഇപ്പോഴുള്ള പരമാധികാരം കുറയ്ക്കാന്‍ നിയമഭേദഗതി വരുത്തും. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന.

ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്.

നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരത്തിന്‌ പുറമേ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിർമാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് നിലവിൽ അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്. തിരുവനന്തപുരത്ത് മാത്രമേ നിലവിൽ ട്രിബ്യൂണല്‍ പ്രവർത്തിക്കുന്നുളളു. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *