നാവികസേന യുദ്ധക്കപ്പലിൽ വൻ തീപിടുത്തം; ഒരു മരണം

മുംബൈ : മസ്ഗാവ് ഡോക്കിൽ നിർമാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണത്തിൽ വൻ തീപിടിത്തം. അകത്തു കുടുങ്ങി പരുക്കേറ്റ ഒരാൾ മരിച്ചതായി വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

മുംബൈ ജെജെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചതായാണു വിവരം. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദക്ഷിണ മുംബൈയിൽ സിഎസ്എംടി റെയിൽവേ സ്റ്റേഷനു സമീപത്താണ് കപ്പൽ നിർമാണശാലയായ ‘മസ്ഗാവ് ഡോക്’.

ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ 2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിൽ ലഫ്റ്റനന്റ് കമാൻഡർ ഡി.എസ്. ചൗഹാൻ (28) മരിച്ചിരുന്നു. കപ്പല്‍ കർണാടകയിലെ കാർവാർ തുറമുഖത്തേക്ക് അടുക്കുമ്പോഴായിരുന്നു തീപിടിത്തം.

മുംബൈ നേവൽ ഡോക്‌യാർഡിൽ അറ്റകുറ്റപ്പണിക്കിടെ ഐഎൻഎസ് മാതംഗ എന്ന യുദ്ധക്കപ്പലിനു തീപിടിച്ചത് 2014 ഏപ്രിലിലാണ്, അന്ന് ആർക്കും പരുക്കേറ്റിരുന്നില്ല. അതിനു തൊട്ടുമുൻപത്തെ വർഷം സ്വാതന്ത്യ്രദിനത്തലേന്ന് നേവൽ ഡോക്‌യാർഡിൽ നിർത്തിയിട്ട ഐഎൻഎസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലിലുണ്ടായ സ്‌ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 18 നാവികർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *