അനധികൃത വയൽ നികത്തലിന് അനുകൂല റിപ്പോർട്ട്: ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ അനധികൃതമായി വയൽ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സ്പീക്ക്സ് പ്രോപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി നികത്തിയ 15 ഏക്കർ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തവ് റവന്യൂ സെക്രട്ടറി റദ്ദാക്കുകയായിരുന്നു. കമ്പനിയുടെ അപ്പീൽ പരിഗണിച്ചായിരുന്നു റവന്യു സെക്രട്ടറിയുടെ നടപടി. എന്നാൽ ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

2008നു ശേഷമാണ് നിലം നികത്തിയതെങ്കിലും ഉപഗ്രഹചിത്രം നോക്കാതെയും പ്രദേശികതല നിരീക്ഷണ സമിതിയുടെ അഭിപ്രായം നോക്കാതെയുമാണ് സ്വകാര്യ കമ്പനിയെ സഹായിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയതെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാല്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ചിരുന്നെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യത്തിൽ കോടതി സ്വകാര്യ കമ്പനിക്കും റവന്യൂ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതു പ്രവർത്തകരിൽ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തിൽ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിലപാടെടുത്തിരുന്നു. എജി നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *