കർണാടക പിസിസി പിരിച്ചുവിട്ടു

ബെംഗളൂരു:  കർണാടക പിസിസിയെ പിരിച്ചുവിട്ട് എെഎസിസി. നിലവിലുള്ള പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വർക്കിങ് പ്രസിഡന്റ് ഈശ്വർ ബി.ഖാന്ദ്രേ എന്നിവർ തുടരും. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താകുറിപ്പിലൂടെയാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് സഖ്യസർക്കാരിൽ ഭിന്നിപ്പു രൂക്ഷമാകവെയാണു നീക്കം.

പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ശിവജിനഗർ എംഎൽഎയുമായ റോഷൻ ബേഗിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പരസ്യവിമർശനം നടത്തിയ റോഷൻ, താൻ കോൺഗ്രസ് പാർട്ടിയുടെ സേവകനാണെന്നും സിദ്ധരാമയ്യയാണു സസ്പെൻഷനു കാരണമെന്നും പറഞ്ഞിരുന്നു. പിസിസി പ്രസിഡന്റിനെ വിമർശിച്ച റോഷൻ, കർണാടകയുടെ ചുമതലയുള്ള കെ.സി.വേണുഗോപാലിനെ കോമാളിയെന്നാണു വിളിച്ചത്.സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകളെ കുറിച്ച് മുഖ്യമന്ത്രി കുമാരസ്വാമി തുറന്നടിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ നടപടിയെന്നതു ശ്രദ്ധേയം. സർക്കാരിന്റെ പ്രവർത്തനം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ താൻ വിഷമതകളെല്ലാം ഉള്ളിലൊതുക്കികയാണെന്നും എന്നും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പൽ വൻ തിരിച്ചടിയാണ് കോൺഗ്രസ്– ദൾ സഖ്യം കർണാടകയിൽ നേരിട്ടത്. രണ്ടു പാർട്ടികളും ഒരോ സീറ്റു വീതം നേടിയപ്പോൾ ബിജെപി 28 സീറ്റിൽ 25ലും വിജയിച്ചു. ഇത് സഖ്യത്തിനിടയിൽ അസ്വാരസ്യങ്ങൾ രൂക്ഷമാക്കി. എന്നാൽ സഖ്യത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബിജെപിക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കുമെന്നുമാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *