ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ഫൊറന്‍സിക് പരിശോധന

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ 3 അംഗ സംഘമാണ് പരിശോധന നടത്തിയത്. അപകടത്തില്‍ തകര്‍ന്ന കാറും സംഘം പരിശോധിച്ചു. മംഗലപുരം സ്റ്റേഷനിലാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

ബാലഭാസ്കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിരുന്നു. സ്ഥലവും വാഹനവും പരിശോധിച്ച സംഘം തെളിവുകള്‍ ശേഖരിച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല.

സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിന്റെ സൃഹൃത്തുകള്‍ പ്രതിയായതോടെയാണ് അപകടം വീണ്ടും ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പു ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഫൊറന്‍സിക് സംഘം വീണ്ടും സ്ഥലം സന്ദര്‍ശിച്ചത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ഡ്രൈവര്‍ അര്‍ജുനെ ചോദ്യം ചെയ്യൂ. അപകട സമയത്ത് അര്‍ജുനാണോ ബാലഭാസ്കറാണോ കാറോടിച്ചതെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *