റഷ്യൻ ആയുധം ഇന്ത്യ വാങ്ങരുത്; മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൻ : റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട് ‘ഗുരുതര പ്രത്യാഘാതം’ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സഹായിക്കാൻ ഒരുക്കമാണെങ്കിലും ‘റഷ്യൻ ബന്ധം’ വിലങ്ങുതടിയാണെന്നാണു യുഎസ് നിലപാട്. റഷ്യയിൽനിന്ന് എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്.

റഷ്യയുടെയും ലോകത്തിലെ തന്നെയും അത്യാധുനിക മിസൈൽ പ്രതിരോധമായ എസ്–400. 2014ൽ ചൈനയാണ് ആദ്യം സ്വന്തമാക്കിയത്. എസ്–400 മിസൈലിനായി 5 ബില്യൻ യുഎസ് ഡോളറിന്റെ ഇടപാടിൽ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഒപ്പുവച്ചത്. മോസ്കോയുമായുള്ള ആയുധ ഇടപാട് ഇന്ത്യ–യുഎസ് പ്രതിരോധ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നു വാഷിങ്ടൻ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു സഹായങ്ങൾ നൽകാൻ തയാറാണെന്നു ട്രംപ് സർക്കാർ മുൻപേ വ്യക്തമാക്കിയതാണ്. ഇപ്പോഴത്തേതിൽനിന്നു വ്യത്യസ്തമായ കൂട്ടുകെട്ടാണു മുഖ്യ പ്രതിരോധ പങ്കാളിയായ ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയതോതിൽ സഹകരിക്കാൻ തയാറാണ്. പങ്കാളിയെ സൈനികമായി കരുത്തരാക്കാനാണു ശ്രമം’– ഹൗസ് ഫോറിൻ അഫയേഴ്സ് സബ് കമ്മിറ്റി ഫോർ ഏഷ്യ, പസിഫിക് ആൻഡ് ആണവനിർവ്യാപനം സമിതിയിലെ അംഗങ്ങളോടു സൗത്ത് ആൻഡ് സെൻട്രൽ എഷ്യ കാര്യങ്ങളുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥ ആലിസ് ജി.വെൽസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *