വലിയതുറയിൽ മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായ വലിയ തുറ – ശംഖുമുഖം റോഡിലെ കുഴിവിള ലൈനില്‍ സന്ദര്‍ശനം നടത്തിയ ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ തടയുകയും വാഹനത്തിനു മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്ത നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. കടല്‍ഭിത്തി നിര്‍മിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി മന്ത്രി മടങ്ങി. വി.എസ്.ശിവകുമാര്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.

വലിയതുറ കടല്‍പ്പാലത്തിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ 5 ദിവസമായി കടലാക്രമണം രൂക്ഷമാണ്. വലിയതുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പല വീടുകളും തകര്‍ന്നു വീഴാറായ നിലയിലാണ്. ശംഖുമുഖം റോഡും കടലാക്രമണത്തില്‍ തകര്‍ന്നു. ഇവിടെ കടല്‍ഭിത്തി നിര്‍മിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പലതവണ ആവശ്യപ്പെട്ടിട്ടും കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.12 മണിയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്. കടല്‍ഭിത്തി നിര്‍മിക്കാന്‍ ഉടന്‍തന്നെ പാറ എത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.  തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം 22.5 കോടിരൂപ അനുവദിച്ചിരുന്നു. മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ വൈകിട്ടോ നാളെയോ പാറ എത്തിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. ഈ വിവരം അറിയിച്ചെങ്കിലും ഉടന്‍തന്നെ പാറ എത്തിക്കണമെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഉച്ചയോടെ പാറ എത്തുമെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ തൃപ്തരായില്ല. സ്ഥലം സന്ദർശിച്ച് മടങ്ങിയ മന്ത്രിയെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് നീക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *