സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഷവാതകങ്ങള്‍ അടക്കമുള്ള   രാസപദാര്‍ഥങ്ങള്‍ വഴിയുള്ള  വ്യാവസായിക അപകട സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി  പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി  സഹായിക്കും. ഫാക്ടറികളില്‍ നിന്ന് പുറത്തെത്തുന്ന രാസപദാര്‍ഥങ്ങള്‍ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തും.  ഇതില്‍ നിന്നും തൊഴിലാളികളുടെയും ഫാക്ടറി പരിസരത്തെ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.
ഐഎസ്ആര്‍ഒയുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെയും ആണവോര്‍ജ്ജവകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്ക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ ”റോസേര്‍സ്”- എന്ന പേരിലാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വഴി സര്‍ക്കാര്‍ വ്യാവസായിക ദുരന്തനിവാരണ പദ്ധതി  ഏര്‍പ്പെടുത്തുന്നത്. ഫാക്ടറികളിലെ അപകടസാധ്യത തുടര്‍ച്ചയായി നിരീക്ഷിക്കാനും  അടിയന്തര സുരക്ഷ  ഒരുക്കാനും പദ്ധതി വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അതീവ അപകടസാധ്യതയുള്ള ഫാക്ടറികള്‍ കൂടുതലായി ഉള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 40 അതീവ അപകടസാധ്യതാ ഫാക്‌റികളില്‍ 22 എണ്ണവും എറണാകുളം ജില്ലയിലെ അമ്പലമുകള്‍, ഉദോ്യഗമണ്ഡല്‍, പുതുവൈപ്പ്  ഐലന്‍ഡ് മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നുണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും അതിന്റെ പരിണിതഫലങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും പദ്ധതി എറണാകുളം ജില്ലയിലെ വ്യവസായ മേഖലയോടനുബന്ധിച്ച് ആരംഭിക്കുന്നത് വഴി സാധ്യമാകും. രാസദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പു തന്നെ പ്രശ്‌നബാധിതപ്രദേശങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കി പ്രദേശങ്ങളുടെ നിയന്ത്രണമേറ്റെടുത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെ പ്രാപ്തരാക്കുകയും ചെയ്യാം.  ഇതിനാലാണ് റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതി കാക്കനാട് പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ പ്രയോജനം സംസ്ഥാനം മുഴുവന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ലഭ്യമാക്കും. അതോടൊപ്പം നൂതന ഉപകരണങ്ങളും സെന്‍സറുകളും സ്ഥാപിച്ച് തത്സമയ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അല്ലാതെയും ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും വിവിധ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും മറ്റും സഹകരണത്തോടെ വ്യാവസായികദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിയും. സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തി നവകേരളസൃഷ്ടിക്ക് കരുത്തുപകരാന്‍ ഏവരുടെയും പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.
പദ്ധതിയുടെ ധാരണാപത്രം  ഇന്ദിരാഗാന്ധി അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ എച്ച്എസ്ഇ ഡയറക്ടര്‍  ബി.വെങ്കട്ട് രാമന്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് എം.ബോത്തലെ , ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് എന്നിവര്‍ മന്ത്രിയുടെ സാന്നിദ്ധത്തില്‍ ധാരണാപത്രം ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *