തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ ഏജന്‍സിക്കു കൈമാറാനാവില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വകാര്യ ഏജന്‍സിക്കു തിരുവനന്തപുരം വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിക്കും സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. അതിനാല്‍ സ്വകാര്യ ഏജന്‍സിക്ക് വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും, നടത്തിപ്പ് ചുമതല സംസ്ഥാനത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *