പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമ്പോഴാണ് കോടതി അതൃപ്തി അറിയിച്ചത്.

പൊലീസ് കമാന്‍റോ വൈശാഖ് ഉൾപ്പടെയുള്ള അഞ്ച് പൊലീസുകാർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേസമയം കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയോട് അപേക്ഷിച്ചു.തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ചില രഹസ്യ രേഖകൾ കൂടി ലഭ്യമായാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാൻ കഴിയൂ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ രേഖകൾ നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി തേടിയിട്ടുണ്ട്. ഇതു ലഭിച്ചാൽ മാത്രമേ പോസ്റ്റൽ ബാലറ്റ് വോട്ടിൽ എന്തെല്ലാം ക്രമക്കേടുകൾ നടന്നുവെന്ന് വ്യക്തമാകൂ എന്നും അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.

പൊലീസ് ബാലറ്റിൽ വ്യാപകമായി ക്രമക്കേടും തിരിമറിയുമുണ്ടായെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹ‍ർ‍ജിയിലാണ് സർക്കാർ അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ചത്. പൊലീസ് ബാലറ്റ് ആവശ്യപ്പെട്ട് സഹപ്രവർത്തകർക്കു സന്ദേശം അയച്ചത് ഐആർ ബറ്റാലിയനിലെ കമാന്‍റോ വൈശാഖ് ആണെന്ന് കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുടെ ഔദ്യോഗിക ഗ്രൂപ്പായ പത്മനാഭയിലാണ് പോസ്റ്റൽ ബാലറ്റ് കൈമാറണമെന്ന് സന്ദേശം വൈശാഖ് അയച്ചത്. രണ്ട് തവണയാണ് ബാലറ്റ് കൈമാറാൻ വൈശാഖ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടത്.

പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട് സന്ദേശമയച്ച വൈാശാഖിന്‍റെ ഫോൺ ഉൾപ്പടെയുള്ളവ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐആർ ബറ്റാലിയനിലെ  അരുൺ, മണിക്കുട്ടൻ, രതീഷ്, രീജേഷ് എവന്നിവ‍ർക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നവരെ തിരിച്ചു വിളിച്ച് ചോദ്യം െചയ്തു. മണിക്കുട്ടന്‍റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് ഈ മാസം 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *