വായ്പ തിരിച്ചടവ്: ജപ്തി ചെയ്യാനുള്ള സഹകരണ ബാങ്കുകളുടെ അധികാരം എടുത്തുകളയും

തിരുവനന്തപുരം∙ വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി ചെയ്യാനുള്ള സഹകരണ ബാങ്കുകളുടെ അധികാരം എടുത്തുകളയും. ജപ്തിക്ക് അനുമതി നൽകുന്ന സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നു സഹകരണ ബാങ്കുകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ വഴിയൊരുങ്ങിയതായും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

കർഷകരുടെ ആത്മഹത്യ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആത്മഹത്യ ചെയ്തവരുടെ കടങ്ങളെങ്കിലും എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ഡിസംബർ 31 വരെ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലംഘിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

കാർഷിക കടാശ്വാസ കമ്മിഷന്റെ പരിധിയിൽ വരുന്ന വായ്പ തുക രണ്ടു ലക്ഷമാക്കി ഉയർത്തി. വാണിജ്യ ബാങ്കുകളെയും കമ്മിഷന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജപ്തിക്ക് അനുമതി നൽകുന്ന സർഫാസി നിയമത്തിന്റെ പരിധിയിൽ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തിയത് യുഡിഎഫ് സർക്കാരാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റപ്പെടുത്തൽ. 2961 പേരുടെ വസ്തുവകകൾ ജപ്തി ചെയ്തിട്ടാണ് സർക്കാർ ന്യായം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു സഹകരണ ബാങ്കുകൾക്കുള്ള ജപ്തി അനുമതി ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *