ബാലഭാസ്കർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ 44 പവന്റെ ആഭരണങ്ങളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ 44 പവന്റെ ആഭരണങ്ങളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്. രണ്ടുലക്ഷത്തിലേറെ രൂപയും കണ്ടെടുത്തിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിൽ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകൾ ഏർപ്പാടാക്കിയത് പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമകളാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭർത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നൽകിയതായി തെളിയിക്കുന്നതുൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കോഴിക്കോട് സ്വദേശിയായ കരാറുകാരൻ നൽകിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണസംഘത്തിന് കിട്ടി. നിർമാണം നടത്തിയതിന്റെ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബാലഭാസ്‌കറിന്റെ പേരും പരാമർശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്നും ബാലുവിന്റെ മരണത്തെതുടർന്ന് പണത്തിന് പ്റയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

അവസാനയാത്രയിലെ ദൃശ്യങ്ങളുള്ള കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്ക് മാത്രമല്ല, അപകടമുണ്ടായ കാറിലുണ്ടായിരുന്ന സ്വർണം തേടിയും പ്രകാശൻ തമ്പി എത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറിൽനിന്നു കണ്ടെത്തിയ സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശൻ തമ്പിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആദ്യം അന്വേഷണം നടത്തിയ ലോക്കൽ പൊലീസാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം കൈമാറിയത്.

കഴിഞ്ഞ സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പട്രോളിംഗ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തുണ്ടായിരുന്ന സാധനങ്ങൾ സ്​റ്റേഷനിലേക്ക് മാ​റ്റി. കാറിൽ നിന്ന് രണ്ടു ബാഗുകളിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. ലോക്ക​റ്റ്, മാല, വള, സ്വർണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതൽ. 2 ലക്ഷം രൂപയും 44 പവൻ സ്വർണവും എണ്ണിതിട്ടപ്പെടുത്തി പൊലീസ് രജിസ്​റ്ററിൽ രേഖപ്പെടുത്തി. പ്റകാശ്തമ്പി പിറ്റേന്ന് രാവിലെ തന്നെ സ്​റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വർണത്തിന്റെ വിവരങ്ങൾ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്ന് ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും ഇവർക്ക് കൈമാറി. ഇതിന്റെ രേഖകൾ പിന്നീട് കേസ് അന്വേഷിച്ച ആ​റ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന് കൈമാറി. മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടർന്നാണ് അന്വേഷണം ക്ര്രൈെംബ്രാഞ്ചിന് കൈമാറിയത്. ആഭരണം സംബന്ധിച്ച രേഖകൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *