കേരളം ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഭാഗമാണെന്നു ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ കേരളം പങ്കാളികളായിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് ആരോഗ്യമന്ത്രിയുടെ മറുപടി. കേരളം പദ്ധതിയുടെ ഭാഗമാണെന്നും തെറ്റിദ്ധാരണ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. 18 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ ആനുകൂല്യമുള്ളൂവെങ്കിലും കേരളത്തിന്റെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടുത്താതെ കേരളം ഇപ്പോൾ കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിറുത്തിക്കൊണ്ടാണ് പദ്ധതിയിൽ ചേർന്നത്.

കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി എന്നപേരിൽ ആയുഷ്മാൻ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി രൂപീകരിക്കുകയാണ് ചെയ്തെന്നും മന്ത്രി പറ‌ഞ്ഞു. ആയുഷ്മാൻ പദ്ധതിയിൽ കേരളം ഇപ്പോൾ അംഗമാണ്. അതിന്റെ ഭാഗമായിട്ടുള്ള വിഹിതം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

“കേന്ദ്ര പദ്ധതിയിൽ അംഗമാവണോയെന്നു ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ, പദ്ധതിയുടെ ഭാഗമായില്ലെങ്കിൽ കേന്ദ്രസർക്കാർ നൽ കുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം പദ്ധതിയിൽ അംഗമാവാൻ തയ്യാറാവുകയായിരുന്നു. ആരോഗ്യപരിരക്ഷക്കായി കേരളം നടപ്പിലാക്കുന്ന പദ്ധതികൾ നിറുത്തലാക്കാതെ തന്നെയാണ് കേന്ദ്രപദ്ധതിയിലും അംഗമായത്. കേരളം കേന്ദ്ര പദ്ധതിയിൽ അംഗമാണ്. പദ്ധതിയുടെ ആദ്യ ഗഡുവായ 25 കോടി രൂപ കേരളത്തിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏതു സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇത്തരം പ്രസ്താവന നടത്തിയതെന്നു അറിയില്ലെന്നും” ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *