മോദി വിഷലിപ്തമായ പ്രചാരണമാണ് നടത്തിയതെന്നു രാഹുല്‍ ഗാന്ധി

കൽപറ്റ: നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ വിഷലിപ്തമായ പ്രചാരണമാണ് നടത്തിയതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനു ശേഷം വയനാട്ടില്‍ വോട്ടര്‍മാര്‍ക്കു നന്ദി പറയാനെത്തിയ രാഹുല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പകയും വിദ്വേഷവും വളർത്തി ജനങ്ങളെ വിഭജിക്കാനാണ് മോദി ശ്രമിച്ചത്.

കള്ളങ്ങൾ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്ര മോദി നുണയും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് സത്യത്തിനും സ്നേഹത്തിനുമൊപ്പമാണ്. കോണ്‍ഗ്രസിന്റെ എംപിയാണ് ഞാനെങ്കിലും വയനാട്ടിലെ എല്ലാ പാർട്ടിയിലുമുള്ള ആളുകൾ‌ എനിക്ക് വോട്ടുചെയ്തിട്ടുണ്ട്. എന്റെ വാതിൽ വയനാട്ടിലുള്ള ഓരോരുത്തർക്കുമായി തുറന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹരിക്കുകയുമാണ് എന്റെ ചുമതല– രാഹുൽ പറ‍ഞ്ഞു.

വയനാട് ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനായി ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി കമ്പളക്കാട് നൽകിയ സ്വീകരണത്തിൽ പറഞ്ഞു.  ഇതിനായി നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കും. എല്ലാ രാഷ്ട്രീയക്കാർക്കും ജനങ്ങളുടെ പിന്തുണ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ എനിക്ക് നിങ്ങളുടെ സ്നേഹവും വാൽസല്യവും ലഭിക്കുന്നുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദി  നുണയും വെറുപ്പുമാണ് രാജ്യത്ത് പ്രചരിപ്പിക്കുന്നത്. ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു, രാജ്യത്തെ തകർക്കുന്നു. ഇതിനെതിരായി നിങ്ങളോടൊപ്പം നിന്ന് പോരാടും-രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിന്റെയും കേരളത്തിന്റെയും പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *