ബാലഭാസ്ക്കറിന്റെ മരണം; പ്രകാശന്‍ തമ്പിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം : സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പ്രകാശന്‍ തമ്പിക്ക് ബാലഭാസ്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തുകേസില്‍ പ്രകാശന്‍ തമ്പി റിമാന്‍‍ഡിലാണ്.

തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിനു പിന്നിലും ഇവർക്കു പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശന്‍ തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശന്‍ തമ്പി ജിം ട്രെയിനറാണെന്നു വിശ്വസിക്കുന്നില്ല. ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ലെന്നും ഉണ്ണി അറിയിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *