തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ

ന്യൂഡൽഹി: ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടിന് ഒൗദ്യോഗിക സ്ഥിരീകരണം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിനു തൊട്ടുപിന്നാലെ തൊഴില്‍മന്ത്രാലയമാണ് ഇതുവരെ പൂഴ്ത്തിവെച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍റെ 2017– 18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിക്കുകയായിരുന്നു. എന്നാൽ ആ റിപ്പോർട്ട് ഒടുവിൽ തൊഴിൽ മന്ത്രാലയം ശരിവെച്ചു. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാനമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനവും. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു

1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമര്‍ശം പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സർവേയാണ് എൻഎസ്എസ്ഒയുടെ തൊഴിൽ സർവേ.

Leave a Reply

Your email address will not be published. Required fields are marked *