നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി; മന്ത്രിസഭയിൽ 58 പേര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിക്കു രണ്ടാമൂഴം. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കാബിനറ്റ് റാങ്കുള്ള 25 പേരും സ്വതന്ത്ര ചുമതലയുള്ള 9 പേരും സഹമന്ത്രിമാരായി 24 പേരും ഉൾപ്പെടെ രണ്ടാം മോദി മന്ത്രിസഭയിൽ 58 പേരാണു സത്യപ്രതിജ്ഞ ചെയ്തത്.

മോദിക്കു പിന്നാലെ രണ്ടാമനായി രാജ്നാഥ് സിങ്, മൂന്നാമനായി ബിജെപി അധ്യക്ഷൻ അമിത് ഷാ, നാലാമനായി നിതിൻ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപി വി.മുരളീധരനാണു മന്ത്രിസഭയിൽ കേരളത്തിന്റെ ഏക പ്രതിനിധി. നിർമല സീതാരാമൻ, സ്മൃതി ഇറാനി, ഹസിമ്രത് കൗർ ബാദൽ എന്നിവരാണു കാബിനറ്റ് റാങ്കുള്ള വനിതകൾ. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ എണ്ണായിരത്തോളം പേർ പങ്കെടുത്ത പരിപാടി രാഷ്ട്രപതിഭവന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ചടങ്ങായി മാറി. ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10,000 ഉദ്യോഗസ്ഥരാണു സുരക്ഷ ഒരുക്കിയത്. സത്യപ്രതിജ്ഞയ്ക്കു മുൻപായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവർക്കും വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുൾപ്പെടെ നേതാക്കളുടെ വലിയ നിരയാണു ചടങ്ങിൽ പങ്കെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *