തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയുമായി മാണി വിഭാഗം

കൊല്ലം : പി.ജെ.ജോസഫിനെതിരെ പരാതിയുമായി മാണി വിഭാഗം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. പി.ജെ.ജോസഫിനെ കേരള കോൺഗ്രസ് (എം) അധ്യക്ഷനാക്കിയെന്ന തരത്തിൽ എന്തെങ്കിലും കത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ആദിക്കാട് മനോജാണ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്.

സംസ്ഥാന കമ്മിറ്റി ചേരാതെ പി.ജെ.ജോസഫിനെ ചെയർമാനാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വ്യക്തിയാണു പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മനോജ്. വഞ്ചിയൂർ കോടതി കേസ് ഓഗസ്റ്റിലേക്കു മാറ്റിവച്ചിരിക്കുകയാണ്.

കേരള കോൺഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് പി.ജെ.ജോസഫിനെ അധ്യക്ഷനാക്കിയെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു കത്ത് നൽകിയത്. ചെയര്‍മാനെയും, നിയമസഭ കക്ഷിനേതാവിനെയും തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് കത്തു നല്‍കിയ സാഹചര്യത്തിലായിരുന്നു ജോസഫ് വിഭാഗത്തിന്റെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *