ഏതു കോൺഗ്രസുകാരൻ ആണെങ്കിലും മോദിയെ അഭിനന്ദിക്കുന്നത് തെറ്റ്: കെ.മുരളീധരൻ

തിരുവനന്തപുരം :  നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നത് ഏതു കോൺഗ്രസുകാരനാണെങ്കിലും തെറ്റാണെന്ന് നിയുക്ത എംപി കെ.മുരളീധരൻ. കൂടെയുള്ളവരെ കൊണ്ട് ഗോഡ്സെയെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രം നിർമാണത്തിനായി ശ്രമം നടത്തുകയും മോദി മാത്രം ഗാന്ധിയെ സ്തുതിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മോദിക്കുള്ളതെന്ന് മുരളീധരൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയെങ്കിലും മിക്ക സംസ്ഥാനങ്ങളിലും അതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. കേരളത്തിലും തമിഴ്നാട്ടിലുമൊഴികെ സഖ്യങ്ങൾ കാര്യമായി പ്രവർത്തിച്ചില്ല.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ.

മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ചുള്ള മുൻ എംഎൽഎ എ.പി.അബ്ദുല്ലക്കുട്ടിയുടെ സമൂഹമാധ്യമത്തിലെ പ്രസ്താവന കെപിസിസി രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. ബിജെപിയുടെ ഒരു നയവുമായും കോൺഗ്രസിനു വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിക്കു കരുത്തേകണമെങ്കിൽ നേതാക്കൾ മാത്രം പ്രവർത്തിച്ചാൽ മാത്രം പോര; താഴെത്തട്ടിലുമെത്തണം. കോൺഗ്രസിൽ ജംബോ കമ്മിറ്റികളെ ഒഴിവാക്കി പുനഃസംഘടനയുണ്ടാകണം. ലോക്സഭയിലേക്കു വിജയിച്ചതിനാൽ, കെപിസിസി പ്രചാരണവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന തന്നെയും 2 ഡിസിസി പ്രസിഡന്റുമാരെയും തൽസ്ഥാനങ്ങളിൽ നിന്നു മാറ്റിക്കൊള്ളട്ടെ. ഇപ്പോഴത്തെ രാഷ്ട്രീയപശ്ചാത്തലത്തിൽ ഡൽഹിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതായി വരും. ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും തുടർന്നു തദ്ദേശ തിരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുമെന്നതിനാൽ പാർട്ടിയുടെ പ്രവർത്തനം ഒരു ദിവസം പോലും നിലയ്ക്കാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *