സി.ഒ.ടി. നസീർ വധശ്രമം: രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തലശ്ശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സോജിത്ത്, അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഎമ്മിൽ നിന്ന് അകന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതുമാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്നു നസീർ മൊഴി നൽകുകയും ചെയ്തിരുന്നു.

പ്രഫഷനൽ രീതിയിൽ പരിശീലനം നടത്തിയ സംഘം തന്നെയാണ് നസീറിനു നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. നെഞ്ചിൽ കുത്താനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണു നസീറിന്റെ കൈക്കു പരുക്കേറ്റത്. ഇരുമ്പുവടി കൊണ്ടു മർദിച്ചതു തലയുടെ പ്രധാന ഭാഗത്താണ്. വയറിലേറ്റ കുത്ത് ആഴത്തിലുള്ളതാണ്. ആക്രമിക്കുന്നതിനിടയിൽ കുതറിയോടിയതിനാലാണ് ആന്തരികാവയവങ്ങൾക്കു കാര്യമായ പരുക്കില്ലാത്തത്. വീണുകിടന്ന നസീറിനു മുകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ ശേഷമാണു സംഘം മടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30ന് തലശ്ശേരി കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വടകരയിലെ സ്ഥാനാർഥിയായിരുന്ന പി.ജയരാജനും പറഞ്ഞിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *