ചിലത് മനസിലാക്കാൻ കഴിഞ്ഞില്ല: പിണറായി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം തിരഞ്ഞെടുപ്പിലെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യതപ്പെട്ട കാര്യമാണ് ശബരിമല വിഷയത്തില്‍ ചെയ്തത്. ആരു മുഖ്യമന്ത്രിയായി ഇരുന്നാലും ഇതേ ചെയ്യാന്‍ കഴിയൂ. സര്‍ക്കാരിനെതിരെയുള്ള ജനവിധിയല്ല ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. എന്നാല്‍ കനത്ത തിരിച്ചടി അംഗീകരിക്കുന്നു. വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്താന്‍ എതിര്‍കക്ഷികള്‍ ശ്രമം നടത്തി. ഇതു വിജയിച്ചോ എന്നു മുന്നണി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചെങ്കില്‍ അതിന്റെ ഗുണഫലം ബിജെപിക്ക് കിട്ടണ്ടേയെന്നു മുഖ്യമന്ത്രി ചോദിച്ചു. ബിജെപി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തായി. പത്തനംതിട്ട പിടിക്കുമെന്നാണ് ബിജെപി പറഞ്ഞിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോയെന്ന ചോദ്യത്തിന്, അതു പ്രതിപക്ഷം ഉന്നയിക്കുന്ന സാധാരണ ആവശ്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജനവിധി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായി കാണുന്നില്ല. സര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരമുണ്ട്. തെളിയേണ്ട ഘട്ടത്തില്‍ അതു തെളിയുകയും ചെയ്യും. തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ‘എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. ഞാന്‍ ഇവിടെയെത്തിയത് എന്റെ ശൈലിയൂടെയാണ്. അതു തുടരും’- മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *