കൊടുങ്കാറ്റായി യു.ഡി.എഫ് ; ലക്ഷങ്ങള്‍ കവിഞ്ഞ് ഭൂരിപക്ഷം

തിരുവനന്തപുരം: കേരളമൊട്ടാകെ ആഞ്ഞടിച്ച യു.ഡി.എഫ് കൊടുങ്കാറ്റില്‍ തകര്‍ന്ന് എല്‍.ഡി.എഫ് കോട്ടകള്‍. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകളില്‍പ്പോലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയത്.

രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിക്കുന്ന മുന്നേറ്റമാണ് പാലക്കാട് മണ്ഡലത്തില്‍ സംഭവിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികളെയും എക്‌സിറ്റ് പോളുകളെയുമാണ് വി.കെ. ശ്രീകണ്ഠന്‍ തറപറ്റിച്ചത്. പാലക്കാടിനൊപ്പം ആലത്തൂരും ഇടതുപക്ഷത്തിന് നല്‍കിയത് കനത്ത പ്രഹരമാണ്. ഇവിടെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ക്രമാനുഗതമായി പികെ ബിജുവുമായുള്ള വോട്ടു വ്യത്യാസം ഉയര്‍ത്തി. ഒന്നരലക്ഷവും കടന്നാണ് രമ്യയുടെ ഭൂരിപക്ഷം. ആറ്റിങ്ങലില്‍തുടക്കം മുതല്‍ മുന്നിലെത്തിയ അടൂര്‍ പ്രകാശ് സിറ്റിങ് എംപി എ സമ്പത്തിനെ നാമവശേഷമാക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. 70 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മുപ്പതിനായിരമാണ് അടൂര്‍ പ്രകാശിന്റെ ലീഡ്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എല്‍.ഡി.എഫിനെ ഞെട്ടിച്ച് മലബാറില്‍ തരംഗമായി.കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ കെ മുരളീധരനും വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യനിമിഷം മുതല്‍ മുന്നില്‍ തന്നെയായിരുന്നു. ശക്തമായ മത്സരെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ ഇവിടങ്ങളില്‍ വോട്ടെണ്ണലില്‍ അങ്ങനൊരു മത്സരം കണ്ടില്ലായെന്നതാണ് വസ്തുത. കോഴിക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സകല മര്യാദ സീമകളെയും ലംഘിച്ച പ്രചാരണം ഇടതുപക്ഷം നടത്തിയിട്ടും മുന്നേറ്റം ഉണ്ടാക്കാനായില്ല. ഇവിടെ ഒരു ഘട്ടത്തിലും മുന്നിലെത്താന്‍ എ പ്രദീപ് കുമാറിനായില്ല. സിറ്റിങ് എംഎല്‍എയായ പ്രദീപ് കുമാര്‍ സ്വന്തം മണ്ഡലത്തില്‍ പോലും പിന്നിലേക്കു പോയി.

ലക്ഷം ഭൂരിപക്ഷത്തിന്റെ തിളക്കത്തോടയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക് കുതിക്കുന്നത്. രാഹുല്‍ഗാന്ധി വയനാട് നേടുന്ന മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് പിന്നാലെ ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമ്യഹരിദാസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഡീന്‍കുര്യാക്കോസ് തുടങ്ങിവരൊക്കെയും ലക്ഷം ഭൂരിപക്ഷത്തിന് മുകളില്‍ ലഭിച്ചവരാണ്.

Leave a Reply

Your email address will not be published. Required fields are marked *