തോൽവിയിൽ ഞെട്ടി ജയരാജനും സിപിഎമ്മും

വടകര: വീരശൂര‌ പോരാളികൾ മുഖാമുഖം പോരാടിയതിന്റെ ആവേശച്ചൂട് ചോരാതിരുന്ന വടകരയിൽ കെ.മുരളീധരന് 84,663 വോട്ടിന്റെ ഭൂരിപക്ഷം. മുരളി 5,26,755 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ പി.ജയരാജന്റെ സമ്പാദ്യം 4,42,092 വോട്ട്. ബിജെപിയുടെ വി.കെ.സജീവൻ 80,128 വോട്ടുമായി മൂന്നാമതെത്തി. പി.ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു കെ.‌മുരളീധരൻ തെക്കുനിന്ന് ഒരുങ്ങിവന്നപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആകാംക്ഷയേറി. വടകര തിരിച്ചുപിടിക്കാനാണു ജയരാജനെ സിപിഎം നിയോഗിച്ചത്. ‌കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ‘ടീം ജയരാജൻ’ ഉഷാറായി. മൂന്നാമങ്കത്തിനില്ലെന്നു കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തപ്പോൾ ഒത്തൊരാളെ തേടി കോൺഗ്രസ് അലഞ്ഞു.

സ്വയം‌ ദൗത്യമേറ്റ മുരളി വട്ടിയൂർക്കാവിൽനിന്നു വണ്ടികയറി. വടകര സ്വദേശിയായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനെയാണു പോരാട്ടത്തിനു കൊഴുപ്പേകാൻ എൻഡിഎ നിയോഗിച്ചത്. ലോക്സഭയിലേക്കുള്ള ആദ്യ അങ്കമായിരുന്നു ജയരാജന്റേത്. കൂത്തുപറമ്പിനെ മൂന്നു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചതാണു മുൻപരിചയം. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തെ അടുത്തറിയാം. വടകരയിലേക്ക് ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്തു വീരനായകനായാണു മുരളി വന്നത്. മൂന്നു തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (മൂന്നു തവണ എംപി, വട്ടിയൂർക്കാവിൽനിന്നു രണ്ടു തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു മൂന്നു തവണ, നിയമസഭയിലേക്കു രണ്ടു തവണ) ഒരുപോലെ പരിചിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *