ഹാട്രിക് തിളക്കവുമായി ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനു മിന്നുന്ന ഹാട്രിക് വിജയം. ബിജെപി നേടുമെന്നുറപ്പിച്ചിരുന്ന ഇവിടെ അവരുടെ ഏറ്റവും മികച്ച സ്ഥാനാർഥിയായ കുമ്മനം രാജശേഖരനേക്കാൾ 99,989 വോട്ടിന്റെ ഭൂരിപക്ഷമാണു തരൂരിനുള്ളത്. ലക്ഷമെത്താൻ 11 വോട്ടിന്റെ കുറവ്. തരൂർ 4,16,131 വോട്ടും കുമ്മനം 3,16,142 വോട്ടും സി.ദിവാകരൻ 2,58,556 വോട്ടും നേടി. കടുത്ത ത്രികോണപ്പോരിനാണു തിരുവനന്തപുരം കച്ചകെട്ടിയത്. യുവാക്കളും സ്ത്രീകളുമടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ കോൺഗ്രസിന്റെ ദേശീയ നേതാവ് തരൂരിനെയാണു യുഡിഎഫ് അവതരിപ്പിച്ചത്. ഏറ്റെടുക്കുന്ന ഏതു കാര്യവും നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്ന സിപിഐ നേതാവ് ‘സിഡി’ എന്ന സി.ദിവാകരനായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർഥി. മിസോറം ഗവർണർ സ്ഥാനം രാജിവച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പഴയ പടക്കളത്തിലേക്ക് ആനയിച്ച് എൻഡിഎയും പോർമുഖം കനപ്പിച്ചു.

1980 തൊട്ടുള്ള 11 തിരഞ്ഞെടുപ്പുകളിൽ എട്ടിലും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണു തിരുവനന്തപുരം. 3 തവണ ഇടതുപക്ഷത്തെയും സ്നേഹിച്ചു. ബിജെപിയെ സംബന്ധിച്ച്, കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 15,470 വോട്ടിനു മാത്രം രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിൽ 3 വീതം പങ്കുവച്ച് ഒപ്പത്തിനൊപ്പം ഇടത്, വലത് മുന്നണികൾ. അവശേഷിക്കുന്ന നേമം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന ഏകയിടവും. 2014ൽ തരൂർ 2,97,806 വോട്ടാണു നേടിയത്; ഭൂരിപക്ഷം 15,470. രണ്ടാംസ്ഥാനത്തെത്തിയ ബിജെപിയുടെ ഒ.രാജഗോപാൽ 2,82,336 വോട്ടും മൂന്നാമതെത്തിയ സിപിഐയുടെ ബെന്നറ്റ് ഏബ്രഹാം 2,48,941 വോട്ടും സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *