വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം; ആദ്യ ഫലസൂചന എട്ടരയോടെ

വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം;
ആദ്യ ഫലസൂചന എട്ടരയോടെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലായി ഏഴു വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. വര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് എണ്ണുന്നത്. ആറ്റിങ്ങല്‍ – സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്‌ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് – സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം – സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര – ജയ് മാതാ ഐ.ടി.സി, പാറശാല – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര – മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്ന കേന്ദ്രങ്ങള്‍.

23ന് രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും നിശ്ചിത എണ്ണം ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പടെ മൂന്നു പേരാണ് ഉണ്ടാകുക. എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകുമെന്നാണ് പ്രതീക്ഷ.

(പി.ആര്‍.പി. 577/2019)

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്
പ്രവേശനത്തിന് നിയന്ത്രണം, കര്‍ശന സുരക്ഷ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. വോട്ടെണ്ണല്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയില്‍നിന്നോ ഉപ വരണാധികാരിയില്‍നിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

കൗണ്ടിങ് ഏജന്റുമാര്‍ 23ന് രാവിലെ 7.30നു മുന്‍പായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണം. കൗണ്ടിങ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ഹാളില്‍ ഉണ്ടായിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റ് എന്നിവരുടെ വാഹനങ്ങള്‍ മാത്രമേ മാര്‍ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ. കൗണ്ടിങ് ഏജന്റുമാരുടെ വാഹനങ്ങള്‍ മാര്‍ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിനു പുറത്ത് പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പ്രധാന ഗേറ്റില്‍നിന്ന് ബന്ധപ്പെട്ട കൗണ്ടിങ് സെന്ററിനു സമീപം വരെ എത്തുന്നതിന് പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

(പി.ആര്‍.പി. 578/2019)

വോട്ടെണ്ണല്‍ മീഡിയ റൂം സജ്ജം

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. മാര്‍ ഇവാനിയോസ് നഗറിലെ ബഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളജിലാണ്് മീഡിയ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റ് വഴിയാകും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫലം ലഭ്യമാക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്റെതന്നെ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന ആപ്പ് വഴിയും തത്സമയം ഫലസൂചനകള്‍ ലഭിക്കും. ട്രെന്‍ഡ് വെബ്‌സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മീഡിയ സെന്ററില്‍ ബിഗ് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നില അടക്കമുള്ള വിവരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമാകും മീഡിയ സെന്ററിലേക്കു പ്രവേശനം.

(പി.ആര്‍.പി. 579/2019)

മാര്‍ ഇവാനിയോസ് നഗറിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെണ്ണല്‍ ദിനമായ നാളെ (മേയ് 23) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

(പി.ആര്‍.പി. 580/2019)

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.   കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും കയ്യുറകളും കാലുറകളും ധരിച്ചുമാത്രമേ ജോലിക്കിറങ്ങാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു.  ഇത്തരം ജോലി ചെയ്യുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണം.  പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.  മുറിവുകള്‍ ഉണ്ടങ്കില്‍ ഉണങ്ങുന്നതുവരെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പണിക്കോ വിനോദത്തിനോ ഇറങ്ങരുത്.  കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നതും ഒഴിവാക്കണം.  നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിത സാഹചര്യത്തിലുള്ള വൃത്തിയുള്ള വെള്ളമാണെന്ന് ഉറപ്പുവരുത്തുക.  ക്ഷീണം, പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.  കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം.  രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 581/2019)

Leave a Reply

Your email address will not be published. Required fields are marked *