പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍  വീഴ്ചവരുത്തരുത് ആരോഗ്യ വകുപ്പ്

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ വകുപ്പ്. യഥാസമയം കുത്തിവയ്പ്പ് എടുക്കാത്തത് ഡിഫ്തീരിയ (തൊണ്ടമുള്ള്), അഞ്ചാംപനി, വില്ലന്‍ചുമല മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നിറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു.  കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് രോഗ സാധ്യതയുണ്ട്.   ജില്ലയില്‍ ഈ വര്‍ഷം രണ്ടു പേര്‍ക്കു ഡിഫ്തീരിയയും 216 പേര്‍ക്ക് അഞ്ചാംപനിയും 11 പേര്‍ക്ക് വില്ലന്‍ചുമയും 51 പേര്‍ക്ക് മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഡിഫ്തീരിയ ബാധിച്ച് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി സുഖംപ്രാപിച്ചുവരുന്നു.   ഈ കുട്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ ഭാഗികമായി മാത്രമേ എടുത്തിട്ടുള്ളൂ.

ഏതെങ്കിലും കാരണത്താല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് കുത്തിവയ്പ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.  സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ്പുകള്‍ സൗജന്യമായി ലഭിക്കും.  പ്രതിരോധ കുത്തിവയ്പ്പുകള്‍ രേഖപ്പെടുത്തിയ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

(പി.ആര്‍.പി. 593/2019)

വൈദ്യുതി മുടങ്ങും

പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഉപ്പളം ട്രാന്‍സ്‌ഫോര്‍മര്‍, ബി.എസ്.എന്‍.എല്‍, ചിറക്കുളം മൌര്യ അപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാച്യൂ റോഡ്, അര്‍ച്ചനാ ട്രാന്‍സ്‌ഫോര്‍മര്‍ ഏരിയ ഭാഗങ്ങളിലും പേരൂര്‍ക്കട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പള്ളിത്തറ, കണ്ണണിക്കോണം എന്നിവിടങ്ങളിലും  പൂന്തുറ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും ഇന്ന് (മേയ് 29) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

(പി.ആര്‍.പി. 594/2019)

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൃത്രിമ ദന്തനിര സൗജന്യമായി വച്ച് കൊടുക്കുന്ന മന്ദഹാസം പദ്ധതിയിലേയ്ക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.  ഭൂരിഭാഗം പല്ലുകളും നഷ്ടപ്പെട്ടവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  അപേക്ഷാഫോറം www.sjdkerala.gov.in എന്ന സൈറ്റില്‍ നിന്നും ലഭിക്കും.  അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം -695012.  ഫോണ്‍: 0471-2343241.

(പി.ആര്‍.പി. 595/2019)

Leave a Reply

Your email address will not be published. Required fields are marked *