പ്രളയം: അമിക്കസ് ക്യൂറി റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി

തിരുവനന്തപുരം: പ്രളയത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകൾവച്ചാണ് അമിക്കസ് ക്യൂറി റിപ്പോർട്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹെെക്കോടതിയിൽ സമർപ്പിച്ചു. അതിവർഷംതന്നെയാണ് പ്രളയത്തിന് കാരണമെന്നും ഇക്കാര്യം കേന്ദ്ര ജലകമ്മിഷൻ ശരിവച്ചതായുമാണ് സർക്കാരിന്റെ ഭാഗം.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നുവിട്ടതിൽ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹർജികളാണ് കേരളഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജികളിൽ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ്.പി.ജേക്കബ് അദ്ധ്യയക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷൻ ബെഞ്ച് നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *