ഏഴ് ബൂത്തുകളിൽ റീപോളിങ് തുടങ്ങി; വോട്ടെടുപ്പ് വൈകിട്ട് 6 വരെ

കണ്ണൂർ : കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിൽ 7 ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ 6 ബൂത്തുകളിലും കാസർകോട് ജില്ലയിലെ ഒരു ബൂത്തിലുമാണ് ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്.

റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടർമാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളിൽ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലെ ചിത്രവുമായി ഇവർ ഒത്തുനോക്കും. ഇതിനു ബൂത്തിൽ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ഓരോ ഡിവൈഎസ്പിക്കു വീതമാണു സുരക്ഷാച്ചുമതല. എല്ലായിടത്തും വെബ് കാസ്‌റ്റിങ്ങും വിഡിയോ ചിത്രീകരണവുമുണ്ട്

കണ്ണൂർ ധർമടത്ത് റീപോളിങ് നടക്കുന്ന സ്കൂള്‍ വളപ്പിനുള്ളിൽ മാധ്യമങ്ങൾ‌ക്കു വിലക്കേർപ്പെടുത്തി. വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്കൂളിൽനിന്ന് മാധ്യമപ്രവർത്തകരെ നീക്കി. വോട്ടെടുപ്പ് തുടങ്ങിയതിനാൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാകില്ലെന്നാണു പൊലീസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *