ഫലപ്രഖ്യാപനം ആറ് മണിയോടെ മാത്രം; വോട്ടെണ്ണലിന് പഴുതടച്ച സുരക്ഷ

തിരുവനന്തപുരം: ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാൻ ശരാശരി നാല് മണിക്കൂർ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകൾ കൂടി എണ്ണണമെന്ന സുപ്രീം കോടതി തീരുമാനം ഉള്ളതുകൊണ്ട് ഫലം ഉടൻ പ്രഖ്യാപിക്കില്ല.

വിവിപാറ്റ് രസീതുകൾ എണ്ണിത്തീരാൻ 5 മുതൽ 6 മണിക്കൂർ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകുന്നേരം ആറ് മണിയോടെയേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. എണ്ണാനുള്ള അഞ്ച് വിവിപാറ്റുകൾ നറുക്കിട്ടാവും തെരഞ്ഞെടുക്കുക. റിട്ടേണിംഗ് ഓഫീസർ നറുക്കെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാകും ഇവ എണ്ണുക. നോട്ട് എണ്ണുന്നതിൽ വിദഗ്ധരായ ഉദ്യോഗസ്ഥരെയാകും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവിപാറ്റ് രസീതുകൾ പ്രിന്‍റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാൻ സാധ്യതയുള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റുകൾ എണ്ണിയ ഫലമാകും പരിഗണിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ത്രിതല സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ മതിലിന് പുറത്തുള്ള 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസാവും സുരക്ഷാ ചുമതലയിൽ ഉണ്ടാവുക. മതിനുള്ളിലും വോട്ടെണ്ണൽ നടക്കുന്ന ഹാളിലേയും സുരക്ഷ കേരളാ പൊലീസിന്‍റെ സായുധ സേന ഏറ്റെടുക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ ഗേറ്റിന്‍റെ സുരക്ഷ സിആർപിഎഫിനാണ്. 16 കമ്പനി സിആർപിഎഫിന്‍റെ സേവനം ഇപ്പോൾ സംസ്ഥാനത്തുണ്ട്. കൂടുതൽ കേന്ദ്രസേനയെ കിട്ടിയാൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വീഡിയോ ക്യാമറ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസുള്ള മാധ്യമപ്രവർത്തകരുടെ ക്യാമറകൾ കൂടി വോട്ടെണ്ണൽ കേന്ദ്രത്തിൽ അനുവദിക്കും. എന്നാൽ മാധ്യമപ്രവർത്തകർ ക്യാമറയുടെ സ്റ്റാൻഡ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പാടില്ല. മറ്റുള്ളവർക്ക് കൗണ്ടിംഗ് സ്റ്റേഷനിൽ ക്യാമറ ഉപയോഗിക്കാനാകില്ല. സ്ഥാനാർത്ഥിയേയും കൗണ്ടിംഗ് ഏജന്‍റുമാരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഒഴികെ മറ്റാരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പോസ്റ്റൽ ബാലറ്റ്, ഇവിഎം, ബാലറ്റ് പേപ്പ‍ർ എന്നിവയിലെ വോട്ടുകൾ ചിത്രീകരിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *