നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവും അമ്മയും കസ്‌റ്റഡിയിൽ

തിരുവനന്തപുരം: ബാങ്ക് ജപ്‌‌തിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ ഗൃഹനാഥനായ ചന്ദ്രനും ഇയാളുടെ അമ്മയ്‌ക്കും മറ്റുചില ബന്ധുക്കൾക്കും പങ്കുണ്ടെന്നാണ് പുതിയ വിവരം. ഇതുസംബന്ധിച്ച് മരണപ്പെട്ട ലേഖയുടെ ആത്മഹത്യക്കുറിപ്പ്  പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഇതിൽ തന്റെയും മകളുടെയും മരണത്തിന് കാരണം ഭർത്താവ് ചന്ദ്രനും അമ്മയുമാണെന്ന് ലേഖ പറയുന്നുണ്ട്. ആത്മഹത്യ ചെയ്‌ത മുറിയിലെ ചുമരിൽ നിന്നാണ് പൊലീസ് കുറിപ്പ് കണ്ടെത്തിയത്.

തന്റെയും മകളുടെയും മരണത്തിനു കാരണം കൃഷ്‌ണമ്മ, ശാന്ത, കാശി, ചന്ദ്രൻ എന്നിവരാണെന്നാണ് ലേഖയുടെ കുറിപ്പിലുള്ളത്. ഇതിൽ ചന്ദ്രൻ ഭർത്താവും കൃഷ്‌ണമ്മ ഭർത്തൃമാതാവുമാണ്. ജപ്‌തി നടപടികൾ ഒഴിവാക്കുന്നതിനായി ചന്ദ്രൻ ഒന്നും ചെയ്‌തില്ലെന്നും, വസ്‌തു വിൽക്കാൻ കൃഷ്‌ണമ്മ അനുവദിച്ചില്ലെന്നും പറയുന്നു. ശാന്ത, കാശി എന്നിവർ കൃഷ്‌ണമ്മയുടെ സഹോദരിയും ഭർത്താവുമാണ്. പുരയിടത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നുണ്ട്. ജപ്‌തിയൊക്കെ ദൈവങ്ങൾ നോക്കിക്കൊള്ളുമെന്നും കൃഷ്‌ണമ്മ പറഞ്ഞിരുന്നെന്ന് കുറിപ്പിലുണ്ട്. കല്യാണം കഴിഞ്ഞനാൾ മുതൽ തന്നെ ചന്ദ്രൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും ലേഖയുടെ കുറിപ്പിലുണ്ട്.

അതേസമയം, വീട്ടിൽ മന്ത്രവാദം നടന്നിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രൻ, കൃഷ്‌ണമ്മ, ശാന്ത, കാശി എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.

അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മർദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *