25 കിലോ സ്വർണവുമായെത്തിയ രണ്ടു പേരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി

തിരുവനന്തപുരം: ഒമാനിൽ നിന്ന് 25 കിലോ സ്വർണവുമായെത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്‌കൂളിന് സമീപം സുനിൽകുമാർ (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീന (42) എന്നിവരാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് എട്ട് കോടി രൂപ മൂല്യമുണ്ട്. സംസ്ഥാനത്തെ ഡി.ആർ.ഐയുടെ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്.

ഇന്നലെ രാവിലെ 7.45നെത്തിയ ഒമാൻ എയർവേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹാളിൽവച്ച് ഇവരെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വർണ ബാറുകൾ കറുത്ത കടലാസിൽ പൊതിഞ്ഞ് ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് സുനിൽകുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വർണം ലഭിച്ചത്. തുടർന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.

ചോദ്യംചെയ്യലിൽ ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡി.ആർ.ഐക്ക് ലഭിച്ചെന്നാണ് സൂചന. നേരത്തേയും ഇവർ തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വർണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. സെറീനയ്‌ക്ക് ഗൾഫിൽ ബ്യൂട്ടി പാർലറുണ്ട്. വിമാനത്താവളത്തിൽ ഇവരുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ സി.സി ടിവി ദൃശ്യം പരിശോധിക്കുകയാണ്. സംഭവത്തിൽ വിമാനത്താവളത്തിലെ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സുനിൽകുമാറിനെയും സെറീനയെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *