പൊലീസുകാർ, പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ബാലറ്റിനായി അപേക്ഷ അയച്ചതിൽ വീഴ്ച വരുത്തി

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ, പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ബാലറ്റിനായി അപേക്ഷ അയച്ചതിൽ വീഴ്ച വരുത്തിയതായി പ്രാഥമിക നിഗമനം. തപാൽ വോട്ട് ബാലറ്റിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട നിയോജക മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസർമാർക്ക് അയച്ചു കൊടുത്തത് സ്റ്റാമ്പ് പതിക്കാത്ത കവറുകളിലായിരുന്നു. സ്റ്റാമ്പ് പതിക്കാതെ അയച്ച പോസ്റ്റൽ ബാലറ്റിനുള്ള പൊലീസുകാരുടെ അപേക്ഷകൾ കാസർകോട് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിനോദും സംഘവും കണ്ടെത്തി.

ബേക്കൽ പൊലീസ് പരിധിയിലെ കോട്ടിക്കുളം തപാൽ ഓഫീസിൽ പോസ്റ്റ് ചെയ്ത കവറുകളാണ് കളക്ടറേറ്റിൽ പൊളിക്കാതെ ഭദ്രമായി സൂക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. നിശ്ചിത സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം കവറുകൾ ലഭിച്ചതു കൊണ്ടാണ് പൊളിക്കാതെ സൂക്ഷിച്ചത് എന്നാണ് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്.

ഏപ്രിൽ 20ന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷകൾ കാസർകോട് കളക്ടറേറ്റിൽ ഇലക്‌ഷൻ വിഭാഗത്തിലെ ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസർമാർക്ക് കിട്ടിയിരിക്കണം എന്നായിരുന്നു അറിയിപ്പ്. സ്റ്റാമ്പ് ഒട്ടിക്കാത്ത കവറുകൾ കാസർകോട്ട് കിട്ടുന്നത് വോട്ടെടുപ്പും കഴിഞ്ഞു 24ന് ആയിരുന്നു. ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നിശ്ചിതസമയം കഴിഞ്ഞു കിട്ടിയ അപേക്ഷകൾ മുഴുവൻ അലമാരയിൽ വച്ച് പൂട്ടി. തപാൽ വോട്ടിനുള്ള 33 അപേക്ഷയും കവറുകളിലാക്കി സ്റ്റാമ്പ് പതിക്കാതെ കോട്ടിക്കുളം തപാൽ ഓഫീസിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റാമ്പ് പതിക്കാതെ ലഭിച്ച കവറുകൾ പോസ്റ്റ്മാസ്റ്റർ ഡെലിവറി ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *