തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി; പൂരനഗരിയിൽ ജനലക്ഷങ്ങൾ

തൃശൂര്‍ : പൂരം വിളംബരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ എത്തിയതോടെ പൂരാവേശത്തിന്റെ കൊടുമുടിയിൽ തൃശൂർ. നെയ്തലക്കാവിലയമ്മയുടെ തിടമ്പ് കൊമ്പന്‍ ദേവീദാസനില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുവാങ്ങിയത് കാണാൻ നൂറുക്കണക്കിന് പൂരപ്രേമികളാണ് എത്തിയത്.

മണികണ്ഠനാല്‍ പരിസരത്തും തെക്കേ ഗോപുരനടയിലും വന്‍ ജനക്കൂട്ടമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ കാത്തുനിന്നത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് രാവിലെ കുറ്റൂർ ക്ഷേത്രത്തിൽ നിന്ന് നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തിനായി കോലമേന്തിയത്. മണികണ്ഠനാലില്‍ എത്തിയ ശേഷം കോലം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് കൈമാറി. തൃശൂർ പൂരത്തിനെത്തുന്നവർ തെക്കേ ഗോപുര നട തുറക്കുന്നതിന് വലിയ പ്രാധാന്യം നൽകാറില്ല. പൂരത്തിനു തലേന്ന് നടക്കുന്ന ഈ ചടങ്ങിനു ചുരുക്കം ആളുകളെ എത്താറുള്ളു. എന്നാൽ ഇത്തവണ പതിവുകളെല്ലാം തെറ്റിച്ചു വൻജനക്കൂട്ടം എത്തി.

ഒൻപതര മുതൽ പത്തര മണി വരെ ഒരു മണിക്കൂർ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടർ അനുമതി നൽകിയത്. മുൻവർഷങ്ങളിൽ 11 മണിക്കു ശേഷമണ് നെയ്തലക്കാവിലമ്മ എഴുന്നള്ളി തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങ് നടക്കാറുണ്ടായിരുന്നത്. ഇക്കുറി ഇത് നേരത്തെയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *