മലപ്പുറത്ത് മലമ്പനി ; നടപടികൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

നിലമ്പൂർ: മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒഡിഷ സ്വദേശിയായ പതിനെട്ടുകാരനാണ് രോഗം ബാധിച്ചത്. ഇയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. തുടർന്ന് ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി.

എച്ച്1 എൻ1, വെസ്റ്റ്നൈൽ പനി എന്നിവ മലപ്പുറത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ മലമ്പനിയെക്കുറിച്ചുള്ള വാർത്ത ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

മലപ്പുറത്ത് നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി തിങ്ങിപ്പാർക്കുന്നത്.

മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാണ് മഴക്കാലപൂർവ്വ ശുചീകരണം നടക്കുന്നത്. സന്നദ്ധ പ്രവർത്തകരും സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *