തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി ഇന്ന് പരിശോധിക്കും

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മൂന്നു ഡോക്ടർമാരടങ്ങുന്ന സംഘം ഇന്ന് പരിശോധിക്കുമെന്നും നാളെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിന് എഴുന്നള്ളിക്കാമോ എന്ന് അതിനു ശേഷം തീരുമാനിക്കുമെന്നും കലക്ടർ ടി.വി.അനുപമ. രാമചന്ദ്രനെ ഒന്നര മണിക്കൂർ നേരം എഴുന്നള്ളിക്കാൻ തങ്ങൾക്ക് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ ആന ഉടമസ്ഥ സംഘം ആനകളെ പൂരം എഴുന്നള്ളിപ്പിനു വിട്ടുനൽകില്ലെന്ന തീരുമാനം പിൻവലിക്കുന്നതായും അറിയിച്ചു. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.

ആനയെ എഴുന്നള്ളിപ്പിനു പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരാണു തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണു വൈകിട്ട് പൂരം നിരീക്ഷണ സമിതി കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. പരിശോധനയിൽ ക്ഷമത ഉറപ്പാക്കിയാൽ മാത്രമേ ആനയെ എഴുന്നള്ളിക്കേണ്ടതുള്ളൂവെന്നും ചടങ്ങിനെത്തുന്ന ആളുകളെ ബാരിക്കേഡ് ഉപയോഗിച്ചു നിയന്ത്രിക്കണമെന്നുമാണു പൂരം നിരീക്ഷണ സമിതിയുടെ തീരുമാനം.

ആനയെ പൂർണമായി നടത്താനാവില്ലെന്നും വാഹനത്തിൽ കൊണ്ടുവന്നു ചടങ്ങിനു ശേഷം വാഹനത്തിൽ തന്നെ തിരിച്ചുകൊണ്ടുപോകുകയാണു ചെയ്യുകയെന്നും കലക്ടർ പറഞ്ഞു.വനം വകുപ്പിന്റെ അഞ്ചംഗ സമിതി നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ക്ഷമത പരിശോധിച്ച് സാക്ഷ്യപത്രം നൽകിയതാണെന്നും അതുകൊണ്ട്  പരിശോധനയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആന ഉടമസ്ഥ സംഘം അറിയിച്ചു.ആന ഉടമ എന്ന നിലയിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സർക്കാർ ആവശ്യപ്പെടുന്ന പക്ഷം  ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആന ഉമസ്ഥ സംഘവും സജ്ജമാണെന്നും ഭാരവാഹികൾ പറഞ്ഞു.സുരക്ഷിതത്വത്തിനായി സർക്കാർ ഉന്നയിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കും.

Leave a Reply

Your email address will not be published. Required fields are marked *