കണ്ണൂരിൽ 12 കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കള്ളവോട്ടിൽ പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതര കൃത്യവിലോപം കാട്ടിയെന്നും മീണ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തിലെ മൂന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിൽ കള്ളവോട്ട് ചെയ്ത 9 പേരില്‍ ആറുപേര്‍ കുറ്റസമ്മതം നടത്തി. മൂന്നുപേര്‍ കുറ്റം നിഷേധിച്ചു, 9 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നൽകി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ഒരാള്‍ കള്ളവോട്ട് ചെയ്തു.

ബൂത്ത് നമ്പർ 52ലാണ് കള്ളവോട്ട് നടന്നത്, കള്ളവോട്ടു ചെയ്‌ത സായൂജിനെതിരെയും കേസെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് തിരിമറിയിൽ അന്വേഷണം വൈകരുതെന്നു ടിക്കാറാം മീണ പറഞ്ഞു. അന്വേഷണം മന്ദഗതിയിലായാല്‍ നിശബ്ദമായിരിക്കില്ല. തിരഞ്ഞെടുപ്പു കമ്മിഷനും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ചേർന്നു 10 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്‌തായുളള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണത്തിൽ പരാതി നൽകിയാൽ അന്വേഷിക്കും. കള്ളവോട്ടിൽ കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്‌ഷൻ 171 സി, ഡി, എഫ് പ്രകാരമാണു ക്രിമിനൽ കേസെടുക്കുക.

പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായായി ജില്ലാ കലക്ടർ ചീഫ് ഇലക്ട്രൽ ഓഫിസർക്കു റിപ്പോർട്ട് നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും,

ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകരന്റെയും പോളിങ് ഏജന്റുമാരാണു ചീഫ് ഇലക്ടറൽ ഓഫിസർക്കും റിട്ടേണിങ് ഓഫിസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്നു ജില്ലാ കലക്ടർ അന്വേഷണം നടത്തി ചീഫ് ഇലക്ടറൽ ഓഫിസർക്കു വിശദമായ റിപ്പോർട്ട് നൽകി.പോളിങ് സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണു കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൽ സലാം, മർഷദ്, കെ.പി. ഉനിയാസ് എന്നിവർ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൾ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണു ജില്ലാ കലക്ടർ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ് സ്‌റ്റേഷനിലെ 1,249 വോട്ടുകളിൽ 1,036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയിൽ പോളിങ് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസർ ശക്തമായി ഇടപെടാൻ തയാറായില്ലെന്നു വ്യക്തമായിട്ടുണ്ട്.

ധർമ്മടത്ത് ബൂത്ത് നമ്പർ 52ൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പോളിങ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ജില്ലാ കലക്ടർ പരിശോധന നടത്തിയത്. വിഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സായൂജ് 52ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിനു സായൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രൽ ഓഫിസർ അറിയിച്ചു. ഇവിടുത്തെ ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *