വോട്ട് അട്ടിമറി: പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ വോട്ട് അട്ടിമറിച്ച സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ. പൊലീസുകാരോടു വാട്സാപ് സന്ദേശം വഴി ബാലറ്റ് ആവശ്യപ്പെട്ട ഐആർ ബറ്റാലിയൻ കമാൻഡോ വൈശാഖിനെയാണു സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും മറ്റു 4 പേർക്കെതിരെ അന്വേഷണം നടത്താനും ഡിജിപിയോടു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശിച്ചിരുന്നു.

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.  ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും മറ്റുള്ളവർക്കെതിരെയുള്ള നടപടി.

ഐ ജി ശ്രീജിത്തിന്റെ നിരീക്ഷണത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം. തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ‘ശ്രീപത്മനാഭ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.  പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *