10 ലക്ഷം യുഡിഎഫ് വോട്ടുകള്‍ തിരഞ്ഞുപിടിച്ചു നീക്കം ചെയ്തു: ഉമ്മൻചാണ്ടി

തിരുവനന്തപുരം:  കേരളത്തിന്റെ ചരിത്രത്തിൽ  കേട്ടുകേൾവി പോലുമില്ലാത്ത വിധം വ്യാപകമായ രീതിയിൽ വോട്ടർ പട്ടികയിൽ തിരിമറി നടത്തി തിരഞ്ഞെടുപ്പ്് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന നടത്തിയതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ തിരഞ്ഞുപിടിച്ചു നീക്കം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെ മൊത്തം വോട്ടര്‍മാര്‍- 2.61 കോടിയാണ്. 2016ലെ വോട്ടര്‍ പട്ടികയിലുള്ള 2.60 കോടി വോട്ടര്‍മാരില്‍ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കൂടിയത് 1.32 ലക്ഷം പേര്‍ മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2009 ലോക്‌സഭയില്‍ നിന്ന് 2011 ലെ നിയമസഭയില്‍ എത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിരുന്നു. 2011 ലെ നിയമസഭയില്‍ നിന്ന് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്‍ധനവുണ്ടായി. 2014ലെ ലോക്‌സഭയില്‍ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 17.5 ലക്ഷം പേരാണു കൂടിയതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

കന്നിവോട്ടര്‍മാരായി പുതുതായി ചേര്‍ക്കപ്പെട്ടത് (2018നുശേഷം മാത്രം ചേര്‍ക്കപ്പെട്ട ഇപ്പോള്‍ 18-19 വയസുള്ളവരെന്ന് പ്രത്യേകമായി തിരിച്ച്) ഇലക്ഷന്‍ കമ്മിഷന്‍ കണക്കില്‍ 5.5 ലക്ഷം വോട്ടര്‍മാരുണ്ട്. അതോടൊപ്പം   2016നും 2018നും ഇടയ്ക്ക്  18 വയസ് തികഞ്ഞവരായി മറ്റൊരു 5 ലക്ഷം പേരെങ്കിലും കൂടിയുണ്ട്. രണ്ടും കൂടിയാകുമ്പോള്‍ കന്നിവോട്ടര്‍മാര്‍ 10 ലക്ഷം വരും. ഇവരെക്കൂടി ചേര്‍ത്തിട്ടാണ് അന്തിമ ലിസ്റ്റില്‍ 2.61 കോടിയാകുന്നത്.

77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്. 77ല്‍ 74 പേരും ഇടതുപക്ഷ സംഘടനയുമായി  ബന്ധപ്പെട്ടവരാണ്. ഇവരോടൊപ്പമുള്ള ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്.  ഇവരെ ഉപയോഗിച്ചാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *