ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയും കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിറുത്താൻ ആവശ്യപ്പെട്ടും ദേശീയപാത അതോറിട്ടി ഇറക്കിയ ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കി.

കേരളം രൂക്ഷമായി പ്രതികരിക്കുകയും മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിറുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ട് തീരുമാനം തിരുത്തിയത്. ഗ‌ഡ്കരിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും മന്ത്രി ജി. സുധാകരൻ കത്തയയ്ക്കുകയും ചെയ്തിരുന്നു.

കേരളത്തെ മുൻഗണനാപട്ടികയിൽ തന്നെ നിലനിറുത്തുമെന്നും പുതിയ ഉത്തരവ് ഉടനിറങ്ങുമെന്നും ഗഡ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിവേദനം നൽകിയതിനാലാണ് താൻ ഇടപെട്ടതെന്നും കേരളത്തോട് വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചതോടെ സംസ്ഥാന ബി.ജെ.പി പ്രതിരോധത്തിലായതും തീരുമാനം തിരുത്താൻ ഇടയാക്കി.

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത – 66 വികസനം 2021നകം പൂർത്തിയാക്കാൻ ഭൂമിയേറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് മാറ്റിയത്. ഇതോടെ രണ്ട് വർഷത്തേക്ക് നടപടികൾ നിലയ്ക്കുമെന്ന ആശങ്ക ശക്തമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *