കാത്തിരുന്നു കാണുക: യുഎൻ നടപടിയിൽ മോദി

ജയ്പൂർ: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വലിയ വിജയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഏതെങ്കിലും തരത്തിലുള്ള ‍അപകടം ആരിൽനിന്നെങ്കിലും നേരിട്ടാൽ ഉറവിടങ്ങളിൽചെന്ന് അവരെ ഇല്ലാതാക്കും. അവർ നമുക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിച്ചാൽ, നമ്മൾ വർഷിക്കുന്നത് ബോംബുകളായിരിക്കും– ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകം ഇന്ത്യയെ കേൾ‌ക്കാൻ തുടങ്ങിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇനി ആർക്കും നമ്മളെ അവഗണിക്കാൻ സാധിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്നു ഞാൻ തുറന്നു പറയുന്നു. അടുത്തത് എന്താണു നടക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണുക. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ രാജ്യാന്തര സമൂഹവും ഇന്ത്യയുടെ ഒപ്പം നിന്നു.

അതുകൊണ്ടാണ് 130 കോടി ജനങ്ങൾക്കു വേണ്ടി രാജ്യാന്തര സമൂഹത്തിനു കൃതജ്ഞത അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മസൂദ് അസ്ഹറിനെതിരായ നടപടിക്കു ശക്തമായ നീക്കങ്ങൾ നടത്തിയ ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങൾക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നതു കഴിഞ്ഞ പത്ത് വർഷമായി യുഎന്നിൽ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമാണ്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ കൂടി വിജയമാണു യുഎന്നിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *