മുൻ ധനമന്ത്രി വി.വിശ്വനാഥ മേനോൻ അന്തരിച്ചു

കൊച്ചി: സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987ൽ ഇ.കെ. നായനാർ മന്ത്രിസഭയിലാണ് ധനകാര്യമന്ത്രിയായത്.

രണ്ടു വട്ടം പാർലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി. നഗരസഭാ കൗൺസിലർ, എംപി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ച അദ്ദേഹം, പിന്നീടു പാർട്ടിയുമായി അകന്നു. കോൺഗ്രസിന്റെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി.

2004ൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് വിശ്വനാഥ മേനോന്റെ രാഷ്‌ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ബിജെപിയുടെയും ബിടിആർ–ഇഎംഎസ്‌–എകെജി ജനകീയ സാംസ്‌കാരിക വേദിയുടെയുമൊക്കെ പിന്തുണയോടെ വിശ്വനാഥമേനോൻ സ്‌ഥാനാർഥിയായി. ഇടതുപക്ഷത്തിനു ഞെട്ടലുണ്ടാക്കുന്നതായിരുന്നു ആ സ്‌ഥാനാർഥിത്വം.

സ്‌ഥാനാർഥിത്വം വലിയ ചർച്ചകളൊക്കെയുണ്ടാക്കിയെങ്കിലും വിശ്വനാഥ മേനോന്റെ രാഷ്‌ട്രീയ വനവാസം അവിടെ തുടങ്ങി. കൊച്ചി കപ്പൽശാലയുൾപ്പെടെ ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ എറണാകുളത്തേക്കെത്തിച്ച എംപിയും കേരളത്തിന്റെ വിദഗ്‌ധനായ ധനമന്ത്രിയുമൊക്കെ ആയിരുന്ന വിശ്വനാഥ മേനോൻ പൊതുരംഗത്തു നിന്നു പിൻവലിഞ്ഞ് വീട്ടിലേക്കൊതുങ്ങി. 1956ൽ എറണാകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ അടവുകൾ പയറ്റിത്തെളിഞ്ഞ മേനോൻ 1967ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്‌ഥാനാർഥിയായ എം.എം. തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്‌ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്‌റ്റാണ് വിശ്വനാഥ മേനോൻ.  ഒരു തവണ രാജ്യസഭാംഗവുമായി. 1987ൽ ധനമന്ത്രിയായ ശേഷം തുടർച്ചയായി സിപിഎമ്മിനു നഷ്‌ടപ്പെട്ട എറണാകുളം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാൻ 1991ൽ വിശ്വനാഥമേനോനെത്തന്നെ പാർട്ടി നിയോഗിച്ചു. രാജീവ് ഗാന്ധി വധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോൾ മേനോന് അടിതെറ്റി. 2004ൽ മത്സര രംഗത്തിറങ്ങുമ്പോൾ പാർട്ടിയോട് അകന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *