തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

കൊച്ചി : ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു,കാതോലിക്കാ പദവിയിൽ തുടരും.സഭയിലെ ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയത്. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലർ തന്നെ അപകീർത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകൾ പ്രചരിപ്പിക്കുന്നതായും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിൽ എന്നിവർ ഏപ്രിൽ 26നു പുറത്തുവിട്ട കത്തുതന്നെ അതിനു തെളിവാണ്.

‘‘വേദനയുണ്ടാക്കുന്ന വിഭാഗീയത സഭയിൽ പിടിമുറുക്കിയിരിക്കുന്നു. ഐക്യത്തിനും സമാധാനത്തിനും ഹാനികരമാണത്. നിയമപരമായ കടമ്പകളിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ അത്തരം വിള്ളലുകൾ സമുദായത്തെ ദുർബലമാക്കും. അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അതിജീവിച്ച് വൈദികരും അൽമായരും സഭയെ സേവിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ച് കാതോലിക്കാ ബാവാ പദവിയിൽ നിന്നു വിരമിക്കാനും മെട്രൊപ്പൊലീറ്റൻ ട്രസ്റ്റി എന്ന നിലയ്ക്കുള്ള ചുമതലകൾ ഒഴിയാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ കൈവന്ന സ്വത്തുക്കളും വസ്തുക്കളും സ്ഥാപനങ്ങളും അതത് ഔദ്യോഗിക ഘടകങ്ങൾക്കു കൈമാറിയിട്ടുണ്ട്. സ്ഥാനമൊഴിയുമ്പോൾ സഭയ്ക്ക് സാമ്പത്തിക ബാധ്യതകളൊന്നും ശേഷിക്കുന്നില്ലെന്നതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. സഭയുടെ ഓഡിറ്റ് ചെയ്ത് കണക്കുകൾ അസോസിയേഷനു സമർപ്പിച്ചിട്ടുണ്ട്’’.-കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *