കാസര്‍കോട് 110 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യവുമായി യുഡിഎഫ്

കാസര്‍കോട്: കാസര്‍കോഡ് മണ്ഡലത്തില്‍ 90% ലധികം പോളിംഗ് നടന്നിട്ടുള്ള ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. റീ പോളിംഗ് നടത്തുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കണം. പല ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍മാര്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നും പരാതിയില്‍ പറയുന്നു. കാസര്‍കോട് മണ്ഡലത്തിലെ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിംഗ് രേഖപ്പെടുത്തിയത്. ഇതില്‍ 110 ബൂത്തുകളിലാണ് റീപോളിംഗ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

തൃക്കരിപ്പൂര്‍, കല്ല്യാശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് നിയസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും, പോളിംഗ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി ഇവര്‍ ആരോപിച്ചിട്ടുണ്ട്. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലുള്‍പ്പെടെ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പുറമെ നിരവധി ബൂത്തുകളില്‍ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *