പശ്ചിമബംഗാളില്‍ പരക്കെ അക്രമം

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പുരോഗമിക്കുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിക്കയിടങ്ങളിലും രാവിലെ മുതല്‍ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം പശ്ചിമ ബംഗാളില്‍ ബിജെപി എംപിയും അസനോളിലെ സ്ഥാനാര്‍ത്ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിട്ടു. ഇദ്ദേഹത്തിന്റെ കാര്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു. വോട്ട് ചെയ്യാനെത്തുന്ന ഗ്രാമീണരെ മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ തടയുകയാണെന്ന് ബാബുല്‍ സുപ്രിയോ ആരോപിച്ചു. കേന്ദ്രസേനയെ എത്രയും വേഗം ഇവിടുത്തെ പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും, എങ്കില്‍ മാത്രമേ ബംഗാളിലുള്ളവര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാനാകു എന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തെ ഭയന്നാണ് മമത തനിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതെന്നും ബാബുല്‍ സുപ്രിയോ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ബംഗാളിലെ ജെമുവയിലെ രണ്ട് ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ചൂണ്ടിക്കാട്ടി, ഗ്രാമീണര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബൂത്തിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. കേന്ദ്രസേനയില്ലെങ്കില്‍ വ്യാപകമായി കള്ളവോട്ട് നടക്കുമെന്നും ഗ്രാമീണര്‍ പറഞ്ഞു. ഇതിന് പുറമെ പശ്ചിമബംഗാളില്‍ അങ്ങോളമിങ്ങോളം തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

നാലാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ 374 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയാകുന്നത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ബിജെപി എംപി പൂനം മഹാജന്‍, അനില്‍ അംബാനി, നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മതോണ്ഡ്കര്‍, നടി രേഖ, ബിജെപി സിറ്റിംഗ് എംപി കമല്‍നാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 961 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *