മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ 28നു മുന്‍പ് തിരിച്ചെത്താന്‍ നിര്‍ദേശം

ശക്തമായ കാറ്റിനു സാധ്യത;
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

* മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ 28നു മുന്‍പ് തിരിച്ചെത്താന്‍ നിര്‍ദേശം

ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ഏപ്രില്‍ 30ന് തമിഴ്‌നാട്, ആന്ധ്ര തീരത്തെത്താന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തെത്തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നാളെ (28 ഏപ്രില്‍) രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും (ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും), ഏപ്രില്‍ 29 ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും (ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും) കാറ്റ് വീശാന്‍ സാധ്യതയുണ്ട്.  മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും  അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും  ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്‍പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കര്‍ശന മുന്നറിയിപ്പ് നല്‍കി.

(പി.ആര്‍.പി. 523/2019)

ലബോറട്ടറി സംഘടനകളുടെ യോഗം

കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് അവബോധം നല്‍കുന്നതിനുള്ള യോഗം 29 ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ മെഡിക്കല്‍ ഓഫിസ് കോമ്പൗണ്ടിലെ സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ലബോറട്ടറി സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 524/2019)

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 – 2020 അധ്യയന വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് രണ്ടാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും. മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ.

60 കംപ്യൂട്ടറുകളുള്ള ഐ.ടി. ലാബ്, കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ മള്‍ട്ടി ജിം സൗകര്യത്തോടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് എന്നിവ സ്‌കൂളില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 9400006460.

(പി.ആര്‍.പി. 525/2019)

ട്രേഡ് അപ്രന്റിസ് ട്രെയിനി ഒഴിവ്

ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്കായി (അസ്ഥിവൈകല്യം) സംവരണം ചെയ്തിട്ടുള്ള ട്രേഡ് അപ്രന്റിസ് ട്രെയിനി (ടര്‍ണര്‍) ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.സി. പാസായവരും എന്‍.ടി.സി. ടര്‍ണര്‍ കോഴ്‌സ് 2013നും 2018നും ഇടയില്‍ പാസായവരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 30 വയസ്. 7000 രൂപ സ്റ്റൈപെന്റ് ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് മൂന്നിനകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.

(പി.ആര്‍.പി. 526/2019)

Leave a Reply

Your email address will not be published. Required fields are marked *