കടല്‍ക്ഷോഭം :  തീരത്തുനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കടല്‍ക്ഷോഭം :
തീരത്തുനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

* 69 പേര്‍ ദുരിതാശ്വാസ ക്യാംപില്‍
* ഒമ്പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
* മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ജില്ലയുടെ തീരമേഖലകളില്‍നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ മേഖലയിലാണ് കടല്‍ക്ഷോഭം രൂക്ഷം. ഇവിടെ ഒമ്പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

വലിയതുറ ബഡ്‌സ് യു.പി. സ്‌കൂള്‍, വലിയതുറ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. ബഡ്‌സ് യു.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എട്ടു കുടുംബങ്ങളിലെ 34 പേരും വലിയതുറ യു.പി.എസില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 35 പേരും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാംപുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.

തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോടെ ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ള എല്ലാവരും 26ന് അതിരാവിലെതന്നെ മടങ്ങിയെത്തണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാകളക്ടര്‍ അഭ്യര്‍ഥിച്ചു.

(പി.ആര്‍.പി. 520/2019)

ന്യൂനമര്‍ദം: മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി

ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ വലിയതുറ തീരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

(പി.ആര്‍.പി. 521/2019)

ഗതാഗത നിയന്ത്രണം

കൊടങ്ങാവിള – അവണാകുഴി റോഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ മേയ് 23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടങ്ങാവിളയില്‍നിന്ന് അവണാകുഴിയിലേക്കു പോകേണ്ട വാഹനങ്ങള്‍ ഊരൂട്ടുകാല – അരങ്കമുഗള്‍ – രാമപുരം വഴി പോകണം. കൊടങ്ങാവിളയിലേക്കുള്ള വാഹനങ്ങള്‍ രാമപുരം – അരങ്കമുഗള്‍ – ഊരൂട്ടുകാല റോഡ് വഴിയോ കമുകിന്‍കോട് – വെണ്‍പകല്‍ – ഇരുവൈക്കോണം – ഓലത്താന്നി റോഡിലൂടെയോ പോകണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

(പി.ആര്‍.പി. 522/2019)

Leave a Reply

Your email address will not be published. Required fields are marked *