മഴക്കാല പൂര്‍വ ശുചീകരണം: 11 നും 12 നും ജില്ലയില്‍ ശുചീകരണ യജ്ഞം

മഴക്കാല പൂര്‍വ ശുചീകരണം:
11 നും 12 നും ജില്ലയില്‍ ശുചീകരണ യജ്ഞം

മഴക്കാലത്തിനു മുമ്പുള്ള പ്രതിരോധ – ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മേയ് 11, 12 തീയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തും. പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.

മഴക്കാലത്തിനു മുന്‍പേ ചെയ്തു തീര്‍ക്കേണ്ട എല്ലാ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മേയ് ഏഴ്, എട്ട് തീയതികളില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരും. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒമ്പതിനു മുന്‍പ് പഞ്ചായത്ത്തല യോഗങ്ങള്‍ ചേരും. ഈ യോഗത്തില്‍വച്ച് ഓരോ വാര്‍ഡിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ബന്ധപ്പെട്ട ജനപ്രതിനിധിയേയും ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തുകയും ചെയ്യും.

പൊതു ഇടങ്ങള്‍ പൊതുവായും വീടുകളും മറ്റു സ്വകാര്യ സ്ഥലങ്ങളും ഉടമകളുടെ പങ്കാളിത്തത്തോടെയും ശുചിയാക്കുകയാണ് ലക്ഷ്യം. ഒഴുക്ക് നിലച്ചിരിക്കുന്ന ആമയിഴഞ്ചാന്‍ തോട്, തെറ്റിയാര്‍, തെക്കനക്കര കനാല്‍ എന്നിവ ശുചിയാക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. പാര്‍വതീപുത്തനാര്‍, കിള്ളിയാര്‍ എന്നിവയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. നഗരത്തിനു പുറത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജലാശയങ്ങള്‍ ശുചിയാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ ശ്രദ്ധവയ്ക്കണം.ശുദ്ധജല സ്രോതസുകളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ബി. സത്യന്‍, ഡി.കെ. മുരളി, ഐ.ബി. സതീഷ്, എം. വിന്‍സന്റ്, എ.ഡി.എം. പി.ടി. എ ബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.പി. 536/2019)

അറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ എട്ട്.  അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

(പി.ആര്‍.പി. 537/2019)

Leave a Reply

Your email address will not be published. Required fields are marked *