ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ മൂന്ന് തവണ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തി: എ.കെ. ആന്റണി

തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് മോദി – പിണറായി സര്‍ക്കാരുകളുടെ വിലിരുത്തലായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി.  താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ മൂന്ന് തവണ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി എ.കെ. ആന്റണി. സാധാരണ ഇക്കാര്യം ആരും പുറത്തുപറയാറില്ല. സൈന്യത്തെയും സര്‍ജിക്കല്‍ സ്ട്രൈക്കിനെയും രാഷ്ട്രീയ വല്‍ക്കരിക്കുന്ന മോദിയുടേത് നടകമാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണവും പിണറായിയുടെ മൂന്ന് വര്‍ഷത്തെ ഭരണവും മുഴുവന്‍ ജനങ്ങള്‍ക്കും ദുരിതവും കഷ്ടപാടുമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രാദേശിക വികസന പ്രകടനപത്രികയുടെ പ്രകാശനം നിര്‍വ്വഹിച്ച അദ്ദേഹം തരൂരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സി.ഡിയും ചടങ്ങില്‍ പുറത്തിറക്കി.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനകീയ കോടതി ശിക്ഷാവിധി നടപ്പാക്കുമെന്ന് എ.കെ ആന്റണി. തെരെഞ്ഞെടുപ്പിന് ശേഷം മോദി കേന്ദ്രത്തില്‍ നിന്നും അധികാരമൊഴിയുമ്പോള്‍ ജനങ്ങളെ കണ്ണീരുകുടിപ്പിച്ച പിണറായി സര്‍ക്കാരിന് കടുത്ത താക്കീത് നല്‍കി ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയപുനരുദ്ധാരണത്തിന് സഹായം നല്‍കാത്ത മോദി പെട്ടെന്ന് വിശ്വാസസംരക്ഷകനായി മാറി. അധികാരത്തിലിരുന്നപ്പോള്‍ ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ മോദി ഉറക്കം നടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ മര്‍ക്കട മുഷ്ടിയും മോദിയുടെ ഉറക്കം നടിക്കലുമാണ് ശബരിമലയില്‍ പ്രശ്നമായതെന്നും ആന്റണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *