സി.ആര്‍ നീലകണ്ഠനു സസ്‌പെന്‍ഷന്‍; ആം ആദ്മി പിന്തുണ സിപിഎമ്മിന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ യുഡിഎഫിനു പിന്തുണ അറിയിച്ച പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. പി.ടി. തുഫൈലിനെ കേരളത്തിലെ കൺവീനറായി നിയമിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ എല്‍ഡിഎഫിനു പിന്തുണ നല്‍കാനും എഎപി ദേശീയ നേതൃത്വം തീരുമാനിച്ചു. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഡൽഹിയിൽ എഎപിക്ക് സിപിഎമ്മും പിന്തുണ നൽകും.

13 മണ്ഡലങ്ങളില്‍ യുഡിഎഫിനും മലപ്പുറത്ത് എല്‍ഡിഎഫിനും പിന്തുണ നല്‍കുമെന്നു കഴിഞ്ഞ ദിവസം സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുത്തത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കി. കേരളഘടകത്തിനു ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നു ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയായത്. ഇക്കുറി തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *