സാമ്പത്തിക ക്രമക്കേട്‌: ഐഎൽ ആൻഡ് എഫ്എസ് മുന്‍ എംഡി രമേശ് ബാവ ബന്ധപ്പെട്ട് അറസ്റ്റില്‍

മുംബൈ:കടക്കെണിയിലായ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് (ഐഎൽ ആൻഡ് എഫ്എസ്) മുന്‍ സിഇഒയും എംഡിയുമായ രമേശ് ബാവയെ അറസ്റ്റ് ചെയ്‌തു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസാണു സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് രമേശ് ബാവയെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍നിന്ന് സംരക്ഷിക്കണമെന്ന രമേശിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരസിച്ചതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.

ഈ മാസം ആദ്യം ഐഎൽ ആൻഡ് എഫ്എസിന്റെ  മുന്‍വൈസ് ചെയര്‍മാനായ ഹരി ശങ്കരനെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍  രണ്ടാമത്തെ അറസ്റ്റാണിത്. ബാവയെ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. അടിസ്ഥാന സൗകര്യരംഗത്തു വായ്പ നൽകിയിരുന്ന ഐഎൽ ആൻഡ് എഫ്എസിലും ഗ്രൂപ്പ് സ്ഥാപനങ്ങളിലും നടന്ന സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ആണ് ബാവയെ അറസ്റ്റ് ചെയ്തത്. ബാവ 2018 സെപ്തംബറില്‍ പദവിയില്‍ നിന്നും രാജി വെച്ചിരുന്നു. അഴിമതി ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഹരി ശങ്കരനെ പോലെ രമേശ് ബാവയേയും കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരമാണ് അറസ്റ്റ് ചെയ്‌തത്. ഈ നിയമം ഏജന്‍സിക്ക് അറസ്റ്റുചെയ്യാന്‍ ഉള്ള അധികാരം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *